International
ന്യൂയോർക്ക്: മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിംഗ് സിറ്റി റെയിൽവേ സ്റ്റേഷനിൽ സബ്വേ ട്രാക്കിലിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര (24), നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇരുവരെയും സബ്വേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടകരമായ രീതിയിൽ ഇവർ എന്തിനാണ് റെയിൽവേ ട്രാക്കിൽ ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Kerala
ആലപ്പുഴ: കായംകുളത്ത് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.
കെപി റോഡിൽ കായംകുളം പൊലിസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകുന്നേരം ആറേകാലിനാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു ശ്രീഭദ്ര. മുന്നിൽ വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസാര പരിക്കേറ്റിട്ടുണ്ട്.
Kerala
മലപ്പുറം: നിലമ്പൂരിൽ ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം വട്ടപ്പാടത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചിറക്കൽ ഖദീജ (85) ആണ് മരിച്ചത്.
മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരി വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (ബിരിയാണി ബഷീർ - 74) ആണ് മരിച്ചത്.
കഴിഞ്ഞല ദിവസം വൈകുന്നേരം ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.
ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
Kerala
കൊല്ലം: പ്ലാമൂട്ടില് വാഹനാപകടത്തില് യുവതിക്ക് ദാരുണാന്ത്യം. ശ്രീലക്ഷ്മി നിലയത്തില് അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേയ്ക്ക് സ്കൂട്ടറില് പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
കുന്നിക്കോട് പ്ലാമൂട്ടില് റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില് അശ്വതി റോഡിലേക്കു തെറിച്ചുവീണു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മകള് ദിയയ്ക്ക് സാരമായി പരിക്കേറ്റു. കുട്ടി ഇപ്പോള് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര് സ്കൂട്ടറില് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള് പറയുന്നു. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കെതിരേ പോലീസും എക്സൈസും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന്, ഓപ്പറേഷന് തണ്ടര് എന്നിവ വന് വിജയമായതോടെ തന്ത്രം മാറ്റി ലഹരി മാഫിയ.
പൊതുസ്ഥലങ്ങളിലെ നേരിട്ടുള്ള വില്പനയും കൈമാറ്റവും ഗണ്യമായി കുറഞ്ഞതോടെ ഓണ് ലൈന് ഡെലിവറി സംവിധാനങ്ങളുടെ മറവിലാണ് ഇപ്പോൾ വിൽപന. നേരത്തേ പാര്ക്കുകള്, ബീച്ചുകള്, ഒഴിഞ്ഞ സ്ഥലങ്ങള് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ലഹരി കൈമാറ്റം.
എന്നാല് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്, എന്ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്, വ്യാജ പ്രൊഫൈലുകള് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടെത്തി കോഡ് ഭാഷയിലൂടെ ഇടപാടുകള് ഉറപ്പിക്കുന്നതാണ് പുതിയ രീതി.
ഉപഭോക്താവിന്റെ വിലാസം ലഭിച്ചശേഷം വിവിധ മാര്ഗങ്ങളിലൂടെ ലഹരിയെത്തിക്കും. അന്വേഷണം ദുഷ്കരമാക്കാന് ഓരോ ഘട്ടത്തിലും വ്യത്യസ്ത ആളുകളെ ഉപയോഗിക്കുന്ന രീതിയും വ്യാപകമാണ്. കസ്റ്റമറില്നിന്ന് വാലറ്റുകള് വഴിയാണു പണമിടപാട്.
National
മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപൂരില് ബിഎംഡബ്ല്യു കാർ ഡിവൈഡറില് ഇടിച്ച് മരിച്ച രണ്ട് പേരില് ഒരാള് മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബാണ് (24) മരിച്ചത്. സുഹൃത്ത് യോഗേഷ് കിഷനും (24) അപകടത്തില് മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ആനന്ദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക. സഹോദരി: റേച്ചൽ. റബേക്കയുടെ ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു. റബേക്കയുടെ സംസ്കാര ചടങ്ങുകള് ഇന്ന് രാവിലെ 11 ന് വസതിയിലും തുടര്ന്ന് ദാദര് ഓര്ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം ശിവ്രി ക്രിസ്ത്യന് സെമിത്തേരിയിലും നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വനിതകള്ക്കും ട്രാന്സ്ജെന്ഡറുകള്ക്കുമായി ആരംഭിച്ച പ്രിയദര്ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം യാത്രചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് യാത്രചെയ്തത് ഇരട്ടിയോളം സ്ത്രീകളായിരുന്നു.
മുന് തിങ്കളാഴ്ച 7,34,693 സ്ത്രീകള് യാത്ര ചെയ്ത സ്ഥാനത്ത് പദ്ധതി ഉദ്ഘാടന ദിനമായ 15ന് അത് 13,29,938 ആയി ഉയര്ന്നു. അതായത്, ഏഴു ലക്ഷത്തില്നിന്ന് ഏകദേശം ഇരട്ടിയോളം യാത്രക്കാരാണ് തിങ്കളാഴ്ച കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് യാത്ര ചെയ്തത്. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയേക്കാള് 15ന് കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് അധികമായി യാത്ര ചെയ്തത്.
ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യദിനത്തില് സ്ത്രീകളുടെ ടിക്കറ്റ് ഇനത്തില് മാത്രം 2,20,49,159 രൂപയാണു കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓര്ഡിനറി ബസുകളില് യാത്രക്കാരുടെ തിരക്ക് വര്ധിക്കുമെന്നാണു കെഎസ്ആര്ടിസി മാനേജ്മെന്റിന്റെ വിലയിരുത്തല്.
തിങ്കള് രാവിലെ ഒമ്പതിനു തിരുവനന്തപുരം തമ്പാനൂര് കെഎസ്ആര്ടിസി കോംപ്ലക്സില് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രിയദര്ശിനി സൗജന്യ യാത്ര പദ്ധതിക്കു ഡബിള് ബെല്ലടിച്ചത്.
സംസ്ഥാനത്ത് സ്ത്രീകള്ക്കും ട്രാന്സ്ജെന്ഡേഴ്സിനും ഓര്ഡിനറി ബസുകളില് സീറോ ടിക്കറ്റ് നല്കിയുള്ള സൗജന്യ യാത്രയാണ് യാഥാര്ഥ്യമായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും അഞ്ച് കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.
ചമ്പ, കാംഗ്ര, ധർമ്മശാല, ഷിംല എന്നിവിടങ്ങളിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഗ്യാസ് സിലിണ്ടർ നിറയ്ക്കാൻ നിന്നവർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അയ്യൂബ് (35) എന്ന യുവാവാണ് മരിച്ചത്. ശേഖർ എന്നാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു ഗ്യാസ് ഏജൻസി ഗോഡൗണിന് പുറത്തുള്ള ക്യൂവിലേക്കാണ് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറിയത്. തിങ്കളാഴ്ച ഇൻഡെയ്ൻ ഗ്യാസ് ഏജൻസി അടച്ചിട്ടതിനുശേഷം നിരവധി ഉപഭോക്താക്കൾ ഇവിടെ തടിച്ചുകൂടി. അമിതവേഗത്തിൽ വന്ന ഒരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഈ ക്യൂവിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ശേഖർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അയൂബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റി ട്രഷററും അണ്ടൂർക്കോണം പറമ്പിൽപാലം സ്വദേശിയുമായ ജാബുവിന് (41) ആണ് പരിക്കേറ്റത്. ജാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ന് പള്ളിപ്പുറം പായ്ച്ചിറ റോഡിൽ ലാദൻസ് ഹോട്ടലിനു സമീപം ആയിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞുവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ ജാബുവിനെ നാട്ടുകാർ ചേർന്നു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പഞ്ചായത്ത് മുൻ ഭരണസമിതി പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് പരാതി.
അണ്ടൂർക്കോണം, ചന്തവിള സൈനിക സ്കൂൾ , കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുമ്പോഴും പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്നും ശരിയായ രീതിയിൽ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് പന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
National
ബംഗളൂരു: കർണാടകയിലെ ബാഗേപ്പള്ളിയിൽ കാർ ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അഞ്ജിനപ്പ (35), യാത്രക്കാരായ ഉമാദേവി (40), വിജയ (40), ലക്ഷ്മമ്മ (50), സരോജമ്മ (65) എന്നിവരാണ് മരിച്ചത്. ഗംഗാദേവി, ലക്ഷ്മിദേവി, രത്നമ്മ, അരുണമ്മ, രാജമ്മ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിക്കും കാറിനും ഇടിയിൽപ്പെട്ട് ഓട്ടോ പൂർണമായും തകർന്നു.
ഒൻപത് സ്ത്രീകളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ സൈക്കിളിൽ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. സഹോദരനൊപ്പം സൈക്കിളിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന രൂപേഷ് ധോത്രെ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ദിലീപ് ഗംഗാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തുള്ള മുത്തശിയുടെ വീട് സന്ദർശിച്ച് സഹോദരനൊപ്പം രൂപേഷ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവരുടെ സൈക്കിളിനെ മറികടന്നുപോയ ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും റോഡിലേക്ക് വീഴുകയും രൂപേഷിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്തു.
ഈ സമയം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രൂപേഷിന്റെ പിതാവ് അപകടം നേരിട്ട് കണ്ടു. ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനമോടിച്ചതിന് ദിലീപിനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഡൽഹിയിൽ നിന്നും മൃതദേഹവുമായി ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൗശാംബി ജില്ലയിലാണ് അപകടം.
ആംബുലൻസ് ഡ്രൈവറായ ഇറ്റാവ സ്വദേശി ആകാശ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രക്കിന്റെ പിറകിലേക്ക് ആംബുലൻസ് ഇടിച്ചുകയറിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഗണേഷ് മണ്ഡൽ (50) എന്നയാളുടെ മൃതദേഹവുമായി ഡൽഹിയിൽ നിന്നും ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ട്. ആകാശ്, ലളിത, മഞ്ജു, ഹർകു എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസിലുണ്ടായിരുന്ന ജാൻവി, അഞ്ജലി എന്നീ രണ്ട് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിന് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജൗൻപൂർ സ്വദേശികളായ സരോജ് സിംഗ് (58), സംഗീത സിംഗ് ( 22), സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും തല കീഴായി മറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗുരുചരൺ സിംഗ്, ഭാര്യ പ്രതിഭ സിംഗ്, നീരജ് സിംഗ്, ഭാര്യ സവിത സിംഗ്, സമർഥ് എന്നിവർക്കാണ് പരിക്കേറ്റത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. മിലക് ഛാവിയിലെ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞത്. പരം സിംഗ് (70), മഹിപാൽ (40), ആര്യവീർ (അഞ്ച്) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ട്രക്ക് ആദ്യം സമീപത്തെ മരത്തിലിടിക്കുകയും തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ആളുകൾ കൂടിയിരുന്ന പന്തലിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലോനി സ്വദേശി അങ്കിത് കുമാർ, മീററ്റ് സ്വദേശി ആദേശ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മീററ്റ് സ്വദേശികളായ കുൽദീപ്, അദേശ് പാൽ, ഹിമാൻഷു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാസിയാബാദിൽ നിന്നും മീററ്റിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പലതവണ മറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ റീസോളിംഗ് കട നടത്തുന്ന ബാബു, കണ്ണവം സ്വദേശിയായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം പോലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാജ്ഘട്ടിൽ ബസ് ഡിവൈഡറിലിടിച്ചു. ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ ഡ്രൈവർ വാഹനം ഡിവൈഡലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സരയ് കാലെ ഖാനിൽ നിന്നു രാജ്ഘട്ടിലേക്ക് പോവുകയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുന്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. ചുക്കബല്ലാപ്പൂർ സ്വദേശി ഡി. ശ്രീധർ (34) ആണ് മരിച്ചത്.
ഹൊസ്കോട്ടിൽ നിന്നു ബംഗളൂരുവിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു ശ്രീധർ. നീലേരി ഫ്ലൈഓവറിൽ വാഹനം നിർത്തിയ ശേഷം റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. ഇടിച്ച് വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശ്രീധറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. നല്ലേരി സ്വദേശി ശേഖർ (28) ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ശേഖർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
ശേഖർ ഇരുചക്രവാഹനത്തിൽ ദേശിയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വരി കടന്ന് അടുത്ത വരിയിലേക്ക് കടക്കാൻ നിൽക്കുന്നതിനിടെയാണ് അമിതവേഗത്തിൽ വന്ന കാർ ശേഖറിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തീപ്പൊരി ചിതറി. വാഹനം വലിച്ചുകൊണ്ട് കാർ ഏതാനും മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശേഖർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ ട്രക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. ഓട്ടോ ഡ്രൈവർ രാജു ശർമ്മ (52), ആറ് വയസുള്ള ഒരു പെൺകുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുകേഷ്, ഭാര്യ പിങ്കി, ഒന്പത് വയസുള്ള ആൺകുട്ടി, ചോട്ടു പണ്ഡിറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ അലിപൂരിലെ ഒരു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്ഡിലാണ് സംഭവം. പുല്ലാടന് ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില് സ്റ്റാന്ഡില് വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള് മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന് തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര് ചേര്ന്നു കോട്ടയം മെഡിക്കല് കോളജില് എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല് കോളജിലെ റെഡ് സോണ് വിഭാഗത്തില് പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
National
ഹൈദരാബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന യുവാവ് പിടിയിൽ. സ്നേഹിത് (28) എന്ന യുവാവാണ് അമ്മയിയമ്മ കെ. അരുണയെ കൊലപ്പെടുത്തിയത്.
അരുണയുമായി ബൈക്കിൽ പോകുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് സ്നേഹിത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അരുണയെ സ്നേഹിത് ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
ഒരു വർഷം മുന്പായിരുന്നു സ്നേഹിതും അരുണയുടെ മകൾ കാവ്യയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കാവ്യയുടെ പെരുമാറ്റത്തെക്കുറിച്ച് സ്നേഹിത് അരുണയോട് പരാതി പറഞ്ഞിരുന്നു.
ഏപ്രിൽ 29 ന് അരുണയുടെ വീട്ടിൽ എത്തിയ സ്നേഹിത്, ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് നർബന്ധിച്ച് ബൈക്കിന് പിന്നിലിരുത്തി കൊണ്ടുപോയി. യാത്രക്കിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പെട്രോൾ ടാങ്കിന് മുകളിൽ വച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അരുണയെ ബൈക്കിലിരുന്ന് തന്നെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരിൽ സ്നേഹിത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ സ്നേഹിതിന്റെ വാക്കുകളിൽ സംശയം തോന്നിയ കാവ്യ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്നേഹിത് അരുണയെ അടിക്കുന്നതും ബൈക്കിൽ നിന്ന് വീഴുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഇതേ തുടർന്ന് കാവ്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
National
പനാജി: ഗോവയിലെ ഗുയിരിമിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ (13) ആണ് മരിച്ചത്.
പരിശീലത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Business
കോട്ടയം: ആര്എസ്എസ് നാല് ഗ്രേഡ് റബര് ഷീറ്റിന് 249 രൂപയും ആര്എസ്എസ് അഞ്ച് ഗ്രേഡ് 245 രൂപയുമായി ഇന്നേവരെയുള്ള ഏറ്റവും ഉയര്ന്ന വിലയിലെത്തി. വേനലില് ഉത്പാദനം കുറഞ്ഞ് ചരക്കിന് കടുത്ത ക്ഷാമം നേരിടുന്നതിനാല് വില കൂടുതൽ മെച്ചപ്പെടുമെന്നാണ് സൂചന.
വ്യവസായികള് ഡീലര്മാരില്നിന്ന് 252 രൂപ നിരക്കില് വരെ കഴിഞ്ഞ ദിവസം ഷീറ്റ് വാങ്ങി. ഇന്നലെ ബാങ്കോക്കില് ഒരു കിലോ റബറിന് 270 രൂപ വിലയുണ്ടായിരുന്നു. വിദേശവില കിലോയ്ക്ക് 21 രൂപ ഉയര്ന്നു നില്ക്കുന്നതിനാല് ഇവിടത്തെ വിലയില് ഉടനെ ഇടിവുണ്ടാകാനുള്ള സാധ്യതയില്ല.
അതേസമയം ചെറുകിട കര്ഷകര്ക്ക് ഷീറ്റ് സ്റ്റോക്കില്ലാത്തതിനാല് ഉയര്ന്ന വിലയുടെ മെച്ചം കിട്ടാനുമില്ല. നിലവില് ഷീറ്റ് സ്റ്റോക്ക് ചെയ്ത എസ്റ്റേറ്റ് ഉടമകള്ക്കും വന്കിട ഡീലര്മാര്ക്കും മാത്രമാണ് ഉയര്ന്ന വിലയുടെ നേട്ടം ലഭിക്കുന്നത്.
റബര് വില 250ല് താഴ്ത്തി നിറുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഏതാനും ടയര് കമ്പനികള് ഇന്നലെ ചരക്ക് വാങ്ങലില്നിന്ന് പിന്മാറി. ഒരാഴ്ചയായി വേനല്മഴ ലഭിക്കുകയും വില മെച്ചപ്പെടുകയും ചെയ്തതിനാല് ഈ മാസം ടാപ്പിംഗ് പുനരാരംഭിക്കാന് കര്ഷകര് താല്പര്യപ്പെടും.
ജൂലൈ വരെ ഉത്പാദനം കുറവായതിനാല് തൊഴിലാളികളെ നിയമിക്കാതെ തനിയെ റബര് ടാപ്പിംഗ് നടത്തുന്നവര്ക്കു മാത്രമേ നേട്ടമുണ്ടാകൂ.
National
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു.
ബുധനാഴ്ച വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം. കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു.
ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.
ബിഹാറിലെ സിവാൻ സ്വദേശിയായ ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശിയായ സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ അപകടത്തിൽ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടത്തെ തുടർന്ന് ഹൗറ-ഡൽഹി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മദ്യലഹരിയിലായിരുന്ന കെ. രാം കുമാർ റെഡ്ഡി (34) ഓടിച്ച കാറാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികളായ കെ. ശിവ (20), എൻ. സന്തീപ് കുമാർ (20) എന്നിവരെ ഇടിച്ച് വീഴ്ത്തിയത്.
ഓംകാർ നഗറിലെ ഡിവൈഡറിനു സമീപം വിദ്യാർഥികൾ ബൈക്കിൽ ഇരിക്കുന്പോൾ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വിദ്യാർഥികളെ ഇടിച്ച ശേഷം കാർ ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചു. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് കാറിനടിയിൽ കുടുങ്ങുകയും 20 കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഉള്ളിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര് ഇടിച്ച് കായിക താരങ്ങള്ക്ക് പരിക്കേറ്റ സംഭവത്തില് കേസെടുത്ത് പോലീസ്. ഡ്രൈവര്ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര് വെഹിക്കിള് ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില് പറയുന്നുണ്ട്. KL 16 R 2935 നമ്പര് കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില് പറയുന്നു. പ്രതി നിലവില് പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില് ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്ക്കാണ് പരിക്കേറ്റത്. കാര് അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് ഇരുവരും തെറിച്ച് കായലില് വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
International
കോൽക്കത്ത: കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് ഇൻഡിഗോ വിമാനത്തിന് കേടുപാട്. കോൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിലെ 51-ാം നമ്പർ പാർക്കിംഗ് ബേയിലാണ് അപകടം നടന്നത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിയിലിലേക്ക് പോകാനിരുന്ന 6E 6663 എന്ന വിമാനത്തിനാണ് കേടുപാടുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് കമ്പനി മറ്റൊരു വിമാനം ഏർപ്പെടുത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ ചെന്പൂരിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പന്ത്നഗർ സ്വദേശിനി യാമിനി സുവാരെ (28) ആണ് മരിച്ചത്.
സിന്ധുവാടി ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് യാമിനിയെ ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനി സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂര്: വാഹന പരിശോധനയ്ക്കിടെ സബ് ഇന്സ്പെക്ടറെ സ്കൂട്ടറിനിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വെങ്ങാനല്ലൂര് ചോലപ്പറമ്പില് വിഷ്ണുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില് വച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം നിര്ത്താതെ പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തല് ഉള്പ്പെടെയുള്ള വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Kerala
തൃശൂര്: യുവ ഡോക്ടര് റെയില് പാളത്തില് മരിച്ച നിലയില്. തൃശൂര് മെഡിക്കല് കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടർ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്.
രാവിലെ പത്ത് വരെ മെഡിക്കല് കോളജിലെ ഒപിയില് റയാന് പ്രവര്ത്തിച്ചിരുന്നു. ട്രെയിന് തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസെത്തി മൃതദേഹം മെഡിക്കല് കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തില് മെഡിക്കല് കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളില് നിന്നും സഹപ്രവര്ത്തകരില് നിന്നും ഉള്പ്പെടെ വിവരങ്ങള് തേടും.
Kerala
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
ന്യൂഡൽഹി: സുഭാഷ് നഗർ മെട്രോ സ്റ്റേഷന് സമീപം അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. ഹേം ഷക്കർ (25) എന്ന യുവാവ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നജഫ്ഗഢ് സ്വദേശി മോഹിത് കുമാർ (27) ഓടിച്ച കാറാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹേം ഷക്കറിന് ഇടിച്ച് തെറിപ്പിച്ചത്. അമിതവേഗത്തിൽ വന്ന കാർ ഹേം ഷക്കറിന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹിതിനെ പിന്നീട് അറസ്റ്റ് ചെയ്തു. മോഹിതിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര് ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്ക്കും ഗുരുതരമായി പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര് ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വസ്തുക്കള് ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറയുന്നു. വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില് ഒളിവില് കഴിഞ്ഞിരുന്ന ബസ് ഡ്രൈവര് അറസ്റ്റില്. എറണാകുളം അണ്ടിക്കടവ് പുളിക്കല്വീട്ടില് പി.ഡി. ജോണ് (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് ഇന്സ്പെക്ടര് സുനില് തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര് ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന കെഎല് 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള് ഒളിവില് കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.
Kerala
കോഴിക്കോട്: താമരശേരിയില് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന് വിദ്യാർഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു.
കോരങ്ങാട് ഗവണ്മെന്റ് ഹയര് സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് അപകടം. പരിക്കേറ്റ താമരശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്ഡ് ടി.ജെ. ഷാജിയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
വിദ്യാർഥികള്ക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള് നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.
ലോറി ഡ്രൈവറായ നടുവണ്ണൂര് മന്ദങ്കാവ് സ്വദേശി എന്.പി. സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കാസർഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.
മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യുവാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. തുടർന്ന് കുമ്പള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
Kerala
പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ച് മരിച്ചു. അശ്വിൻ കൃഷ്ണ എന്ന വിദ്യാർഥിയാണ് മരിച്ചത്.
കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അശ്വിൻ. യാത്രയ്ക്ക് വേണ്ട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് വരുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. അശ്വിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്കെജി വിദ്യാര്ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്ഥിയായ യമിന് ഇസിന് ആണ് മരിച്ചത്.
സ്കൂള് ബസിൽ നിന്നിറങ്ങിയ വിദ്യാര്ഥിയ്ക്കുമേല് അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന് ഇസിന്.
കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല് കോളജില് സൂക്ഷിച്ചിരിക്കുകയാണ്.